
ലക്നൗ: ആരോഗ്യവകുപ്പ് അടച്ചുപൂട്ടിയ സ്വകാര്യ ആശുപത്രിയിൽ രഹസ്യമായി നടത്തിയ പ്രസവത്തിനിടെ അമ്മയും നവജാതശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിലാണ് സെപ്റ്റംബർ എട്ടിന് ദാരുണ സംഭവം നടന്നത്. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും കഴിഞ്ഞ വർഷം പൂട്ടിയ ആശുപത്രിയിൽ പിന്നിലെ വാതിലിലൂടെയാണ് യുവതിയെ പ്രവേശിപ്പിച്ചതെന്നാണ് ആരോപണം.
ബല്ലിയ ജില്ലയിലെ തർഗോലി ഗ്രാമത്തിൽ നിന്നുള്ള അജിത് രാജ്ഭറിന്റെ ഭാര്യ സരിതയും നവജാതശിശുവുമാണ് മരിച്ചത്. സരിതയെ ആശുപത്രിയിലെത്തിക്കാൻ ആശാ വർക്കർ നിർദേശിച്ചതായും അജിത് ചീഫ് മെഡിക്കൽ ഓഫിസർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ആശുപത്രിയിലെത്തിച്ചപ്പോൾ ഹിമാൻഷു യാദവ് എന്ന ഡോക്ടർ സരിതയുടെ ആരോഗ്യനില ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും അറിയിച്ചെന്നാണ് അജിത്തിന്റെ പരാതി. തുടർന്ന് സരിത പ്രസവിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.
ഇതിനുപിന്നാലെ സരിതയ്ക്ക് അമിത രക്തസ്രാവമുണ്ടായതോടെ ആശുപത്രിയിൽ തുടർചികിത്സ നൽകാൻ ജീവനക്കാർ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. തുടർന്ന് സരിതയെ മൗവിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആരോഗ്യനില കൂടുതൽ വഷളായതോടെ അവിടെനിന്ന് വാരാണസിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ചാണ് സരിതയുടെ മരണം സ്ഥിരീകരിച്ചത്.
സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം 2025ലാണ് ഇന്ദ്രജീത് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ചീഫ് മെഡിക്കൽ ഓഫിസർ പങ്കജ് റായി പറഞ്ഞു.
ആശുപത്രിയുടെ പ്രധാന കവാടം അടച്ചിട്ടിരുന്നെങ്കിലും പിന്നിലെ വാതിലിലൂടെ രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അജിത്തിന്റെ പരാതി ലഭിച്ചതിന് പിന്നാലെ ആശുപത്രി വീണ്ടും സീൽ ചെയ്തതായും ചീഫ് മെഡിക്കൽ ഓഫിസർ വ്യക്തമാക്കി.
അടച്ചുപൂട്ടിയ ആശുപത്രിയിൽ ചികിത്സയും പ്രസവവും നടന്നതെങ്ങനെ, യുവതിയെ അവിടേക്ക് എത്തിച്ചത് ആരുടെ നിർദേശപ്രകാരമാണെന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.










